Wednesday, June 5, 2019

Butterflies of Success

                                    വിജയമെന്ന ശലഭം 


ഒരു സന്ധ്യക്ക് ഒരു ബാലന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു.
ദൈവമേ, എനിക്ക് നിന്‍റെ ശബ്ദം കേള്‍ക്കാന്‍ കഴിയണേ?
കാട്ടരുവിയുടെ അരികില്‍ നില്‍ക്കുന്ന വണ്ടു തുളച്ച മുളന്തണ്ടുകളിലൂടെ ഇറങ്ങിക്കയറിയ കാറ്റ് ഊതിയ ചൂളം വിളി പക്ഷേ അവന്‍ കേട്ടില്ല. അല്‍പനേരം കാത്തിരുന്നിട്ടും ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കാതായപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
ഞാന്‍ പറഞ്ഞത് കേട്ടില്ലേ ദൈവമേ, എന്നെ നിന്‍റെ ശബ്ദം കേള്‍പ്പിക്കൂ.
പെട്ടെന്ന് മലമുകളിലെവിടെയോ ഇടിവെട്ടി. അതിന്‍റെ നടുക്കുന്ന ശബ്ദം താഴ്വാരത്തില്‍ തെല്ലുനേരം മുഴങ്ങുന്ന അനുരണനമായി  അലിഞ്ഞ് ഇല്ലാതായി. പക്ഷേ അതും അവന്‍ കേട്ടില്ല. അവന്‍ മറ്റെന്തോ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നു അപ്പോള്‍.
അല്‍പം കഴിഞ്ഞ്  അവന്‍ പ്രാര്‍ത്ഥിച്ചു.
ദൈവമേ എനിക്ക് നിന്നെ കാണാന്‍ കഴിയണേ!
ആകാശച്ചരുവില്‍  പൊടുന്നനെ ഒരു നക്ഷത്രം തെളിഞ്ഞു. പക്ഷേ മറ്റെവിടയോ മിഴിനട്ടു നില്‍ക്കുകയായിരുന്നതുകൊണ്ട് അവന്‍ അതു കണ്ടില്ല. അവന്‍ ദേഷ്യത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.
ദൈവമേ, എനിക്കു നിന്നെ കാണാന്‍ പറ്റണേ?
ഇടി മുഴക്കത്തില്‍ ആനന്ദഭരിതമായ മനസ്സുമായി ഒരു മയില്‍ അവന്‍റെ പിന്നില്‍ പീലി വിടര്‍ത്തി. വിദൂരതയിലെങ്ങോ ദൈവം പ്രത്യക്ഷപ്പെടുന്നതു നേക്കി നിന്ന അവന്‍ അതും കണ്ടില്ല.
അവന് ദേഷ്യം വന്നു. അവന്‍ ഉച്ചത്തില്‍ ചോദിച്ചു. 
ദൈവമേ, അങ്ങ് എന്നെ വന്നൊന്നു സ്പര്‍ശിക്കാത്തതെന്ത്?
ഇതിനിടെ എവിടെ നിന്നോ അവന്‍റെ ചുമലില്‍ വന്നിരുന്ന ഒരു ചിത്രശലഭത്തെ അവന്‍ കൈകൊണ്ട് തൂത്തെറിഞ്ഞു കൊണ്ടു പറഞ്ഞു.
ശല്യം.
അതങ്ങനെയാണ്, ചിലര്‍ക്ക് ദൈവസാന്നിദ്ധ്യം അറിയാന്‍ കഴിയുന്നില്ല. മറ്റു ചിലര്‍ക്കോ പുഴുവിലും പുല്‍ക്കൊടിയിലും ദൈവസാന്നിദ്ധ്യം തിരിച്ചറിയാന്‍ കഴിയുന്നു. അവര്‍ ജീവിതത്തില്‍ വിജയിക്കുന്നു. 

No comments:

Post a Comment