Thursday, May 30, 2019

Meditation Apps

പുതിയ പഠനങ്ങളും ആപ്പുകളും

        ധ്യാനാവസ്ഥയിലുള്ള മസ്തിഷ്കത്തെക്കുറിച്ചുള്ള പഠനനിരീക്ഷണങ്ങള്‍ സമീപകാലത്ത് കൂടുതല്‍ സജീവമായിട്ടുണ്ട്. ഡോ. ഡേവിഡ് ബ്രൗണ്‍, ഡോ. നോര്‍മാന്‍ റോസെന്താള്‍, ഡോ. കാന്‍ഡേസ് പെര്‍ട്ട്, ഡോ സാറാ ലാസര്‍, ഡോ. പീറ്റര്‍ മാലിനോവ്സ്കി, ഡോ. റിച്ചാര്‍ഡ് ഡേവിഡ്സണ്‍ എന്നിങ്ങനെ നിരവധി പാശ്ചാത്യഗവേഷകര്‍ ധ്യാനാവസ്ഥയിലുള്ള മസ്തിഷ്കത്തിന്‍റെ സംരചന മനസിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഹാര്‍വാഡ് മെഡിക്കല്‍ സ്കൂള്‍, സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സ്കൂള്‍, യേല്‍ മെഡിക്കല്‍ സ്കൂള്‍ തുടങ്ങിയ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളിലൊക്കെ മെഡിറ്റേഷനെക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ നടന്നു വരുന്നു. ദലൈ ലാമ ഓണററി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് ആന്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഓക്സ്ഫോഡ്  മൈന്‍ഡ്ഫുള്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിത്യാദി നിരവധി സ്ഥാപനങ്ങള്‍ മെഡിറ്റേഷന്‍റെ പോസിറ്റീവ് പ്രയോജനങ്ങളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഭാരതത്തിലും വിവിധ യൂണിവേഴ്സിറ്റികളില്‍ ഈ വിഷയത്തില്‍ പഠനമനനങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്.

         ആധുനിക ജീവിതത്തിന്‍റെ സമസ്തമേഖലയിലേക്കും കടന്നു കയറിയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുപയോഗിച്ചുള്ള ധാരാളം ആപ്ളിക്കേഷനുകള്‍ ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധയൂന്നിയുള്ള മൈന്‍ഡ്ഫുള്‍നെസ് മെഡിറ്റേഷന്‍ ചെയ്യുന്നതിനും സഹായകരമായി പുറത്തിറക്കപ്പെട്ടിട്ടുണ്ട്.  ബുദ്ധിഫൈ, കാം, ഹെഡ്സ്പെയ്സ്, മൈന്‍ഡ്ബോഡി കണക്ട്, മൈന്‍ ഡ്ഫുള്‍നെസ് ആപ്,  മെഡിറ്റേഷന്‍ ടൈമര്‍ പ്രോ, ഓംവന, സത്ത്വ മുതലായവയാണ് ചില ആപ്പുകള്‍. ഇവയിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആര്‍ക്കും ധ്യാനത്തിലേര്‍പ്പെടാന്‍ കഴിയും.

Wednesday, May 29, 2019

Budha Nature

                                               
ബുദ്ധപ്രകൃതം

ധ്യാനത്തിന്‍റെ ഉത്തുംഗപദത്തിലാണ് ജ്ഞാനോദയമുണ്ടാകുന്നതെന്ന് ബുദ്ധമതഗ്രന്ഥങ്ങള്‍ പറയുന്നു.  അങ്ങനെയാണെങ്കില്‍ ജ്ഞാനത്തിന്‍റെ പരമപദത്തിലെത്താനുള്ള വ്യഗ്രതയോടെ പിന്നീടെത്രയോ പേര്‍ ധ്യാനത്തിന്‍റെ സുവര്‍ണക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുണ്ടാകും. പക്ഷേ ഗൗതമബുദ്ധനു സിദ്ധിച്ചതുപോലെയുള്ള ജ്ഞാനോദയം പിന്നീട് ധ്യാനിച്ചവര്‍ക്കൊന്നും ലഭിക്കാതെ പോയത് എന്തുകൊണ്ട്? 

സ്വന്തം പ്രവൃത്തികളെക്കുറിച്ച് നല്ല ബോധമുള്ളവരാണ് ബുദ്ധന്മാര്‍. ഇതാണ് ബുദ്ധപ്രകൃതം. തായ്വാനിലെ ബുദ്ധപണ്ഡിതനായ ടിക് ഹാന്‍റെ അഭിപ്രായ ത്തില്‍ ചെയ്യുന്നതെന്തിലും മനസ് ചെലുത്തുകയാണ് ബുദ്ധപ്രകൃതം. പ്രതി ബദ്ധതയോടെയുള്ള മനസു ചെലുത്തല്‍  എന്നു പറഞ്ഞാല്‍ നിങ്ങളിപ്പോള്‍ നടക്കുകയാണെങ്കില്‍ നടപ്പ് എന്ന ക്രിയയിലായിരിക്കണം  മനസര്‍പ്പിക്കേണ്ടത്. നടപ്പിനെക്കുറിച്ച്  നിങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരിക്കണം. നടപ്പിന്‍റെ വേഗം, താളം, ആയം, അതിനു വേണ്ടി വരുന്ന യത്നത്തിന്‍റെ തോത് എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളില്‍ ശ്രദ്ധിച്ചു കൊണ്ടു വേണം നടക്കാന്‍. അങ്ങനെ നടക്കുമ്പോള്‍ നടപ്പല്ലാതെ മറ്റൊന്നും നിങ്ങളുടെ ശ്രദ്ധയിലുണ്ടാകില്ല. നിങ്ങളെ ചൂഴുന്ന മറ്റുള്ളതെല്ലാം ഉപബോധത്തിന്‍റെ തിരശീലയ്ക്കുള്ളിലാകുന്നു.