Wednesday, June 5, 2019

Butterflies of Success

                                    വിജയമെന്ന ശലഭം 


ഒരു സന്ധ്യക്ക് ഒരു ബാലന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു.
ദൈവമേ, എനിക്ക് നിന്‍റെ ശബ്ദം കേള്‍ക്കാന്‍ കഴിയണേ?
കാട്ടരുവിയുടെ അരികില്‍ നില്‍ക്കുന്ന വണ്ടു തുളച്ച മുളന്തണ്ടുകളിലൂടെ ഇറങ്ങിക്കയറിയ കാറ്റ് ഊതിയ ചൂളം വിളി പക്ഷേ അവന്‍ കേട്ടില്ല. അല്‍പനേരം കാത്തിരുന്നിട്ടും ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കാതായപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
ഞാന്‍ പറഞ്ഞത് കേട്ടില്ലേ ദൈവമേ, എന്നെ നിന്‍റെ ശബ്ദം കേള്‍പ്പിക്കൂ.
പെട്ടെന്ന് മലമുകളിലെവിടെയോ ഇടിവെട്ടി. അതിന്‍റെ നടുക്കുന്ന ശബ്ദം താഴ്വാരത്തില്‍ തെല്ലുനേരം മുഴങ്ങുന്ന അനുരണനമായി  അലിഞ്ഞ് ഇല്ലാതായി. പക്ഷേ അതും അവന്‍ കേട്ടില്ല. അവന്‍ മറ്റെന്തോ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നു അപ്പോള്‍.
അല്‍പം കഴിഞ്ഞ്  അവന്‍ പ്രാര്‍ത്ഥിച്ചു.
ദൈവമേ എനിക്ക് നിന്നെ കാണാന്‍ കഴിയണേ!
ആകാശച്ചരുവില്‍  പൊടുന്നനെ ഒരു നക്ഷത്രം തെളിഞ്ഞു. പക്ഷേ മറ്റെവിടയോ മിഴിനട്ടു നില്‍ക്കുകയായിരുന്നതുകൊണ്ട് അവന്‍ അതു കണ്ടില്ല. അവന്‍ ദേഷ്യത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.
ദൈവമേ, എനിക്കു നിന്നെ കാണാന്‍ പറ്റണേ?
ഇടി മുഴക്കത്തില്‍ ആനന്ദഭരിതമായ മനസ്സുമായി ഒരു മയില്‍ അവന്‍റെ പിന്നില്‍ പീലി വിടര്‍ത്തി. വിദൂരതയിലെങ്ങോ ദൈവം പ്രത്യക്ഷപ്പെടുന്നതു നേക്കി നിന്ന അവന്‍ അതും കണ്ടില്ല.
അവന് ദേഷ്യം വന്നു. അവന്‍ ഉച്ചത്തില്‍ ചോദിച്ചു. 
ദൈവമേ, അങ്ങ് എന്നെ വന്നൊന്നു സ്പര്‍ശിക്കാത്തതെന്ത്?
ഇതിനിടെ എവിടെ നിന്നോ അവന്‍റെ ചുമലില്‍ വന്നിരുന്ന ഒരു ചിത്രശലഭത്തെ അവന്‍ കൈകൊണ്ട് തൂത്തെറിഞ്ഞു കൊണ്ടു പറഞ്ഞു.
ശല്യം.
അതങ്ങനെയാണ്, ചിലര്‍ക്ക് ദൈവസാന്നിദ്ധ്യം അറിയാന്‍ കഴിയുന്നില്ല. മറ്റു ചിലര്‍ക്കോ പുഴുവിലും പുല്‍ക്കൊടിയിലും ദൈവസാന്നിദ്ധ്യം തിരിച്ചറിയാന്‍ കഴിയുന്നു. അവര്‍ ജീവിതത്തില്‍ വിജയിക്കുന്നു. 

Winning Mantra

                      മലമായോപ -  വിശ്വസിക്കാവുന്ന മന്ത്രം


                    ഏതു മന്ത്രവും ഫലം നല്‍കണമെങ്കില്‍, അതിന്‍റെ ശക്തിയില്‍ പൂര്‍ണമായി വിശ്വസിക്കണമെന്നു പറയാറുണ്ട്. മനസ്സിലെ വിദ്ധ്യാത്മകമായ പ്രതീക്ഷയാണ് മന്ത്രങ്ങളെല്ലാം. വിശ്വാസമാണ് അതിന്‍റെ ശക്തി.  മന്ത്രം നിശ്ചിതമായ മാത്രയില്‍ ആവര്‍ത്തിക്കുമ്പോള്‍ ആ പ്രതീക്ഷ മനസ്സിലേക്ക് കൂടുതല്‍ ശക്തിയില്‍ പതിപ്പിക്കുകയാണ് നാം.   അങ്ങനെ മെല്ലെ മെല്ലെ പ്രതീക്ഷയുടെ വിദ്ധ്യാത്മകമായ ഊര്‍ജം മനസ്സിലും ശരീരത്തിലും നിറയുന്നു. അത് നമ്മെ നിരന്തരമായി കര്‍മോത്സുകരാക്കുന്നു. നിരന്തരം പരിശ്രമിക്കുന്നതിനാല്‍ മന്ത്രം ഫലപ്രാപ്തിയിലെത്തുന്നു. അങ്ങനെ ഫലപ്രാപ്തി നല്‍കുന്ന വിജയമന്ത്രമാണ് മലമായോപ.
                   മലമായോപ എന്ന മന്ത്രം  വിജയത്തിലേക്കുള്ള നിങ്ങളുടെ യത്നത്തിന് ശക്തി പകരുന്നതെങ്ങനെയാണെന്നു നോക്കാം. ആദ്യം ഈ പഞ്ചാക്ഷരമന്ത്രത്തിലെ ഓരോ അക്ഷരത്തിന്‍റെയും പൊരുള്‍ തിരിച്ചറിയണം നിങ്ങള്‍.  മനോഭാവം, ലക്ഷ്യം, മാര്‍ഗം, യോഗ്യത, പരിശ്രമം എന്നീ അഞ്ചു വാക്കുകളിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നാണ് മലമായോപ എന്ന അതിശക്തമായ ഈ മന്ത്രം ഉണ്ടാക്കിയിരിക്കുന്നത്.  ഈ അഞ്ചു വാക്കുകളും വിജയത്തിനായി കൊതിക്കുന്ന ഒരാളിന്‍റെ ജീവിതവുമായി ബന്ധപ്പെട്ടവയാണ്. ഇവയെ ആസ്പദമാക്കി ക്ലിപ്തവും ആസൂത്രിതവുമായ പ്രവര്‍ത്തനപദ്ധതികള്‍ ഉണ്ടായാല്‍ ജീവിതത്തില്‍ വിജയം സുനിശ്ചിതമാണ്. .
ഇങ്ങനെയൊന്നുമല്ലാതെ ജീവിച്ചവരില്‍ ചിലര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലേ? ഉണ്ടാകാം. ഭാഗ്യം എന്ന ഒറ്റ വാക്കു കൊണ്ട് അവരുടെ വിജയത്തെ നാം ന്യായീകരിക്കുവാന്‍ നാം ശ്രമിക്കും. എന്നാല്‍ ഭാഗ്യം എന്ന ഒരവസ്ഥയുണ്ടോ? ഭാഗ്യമെന്നത് പരിശ്രമത്തിന്‍റെ മറ്റൊരു വാക്കാണ്. ഏതു പരിശ്രമത്തിനും ഫലം ലഭിക്കുവാന്‍ സഹജമായൊരു കാലദൈര്‍ഘ്യമുണ്ട്.  പരിശ്രമവും ഫലവും ഒരേ സമയത്ത് സംഭവിക്കുമ്പോള്‍ അതിനെ നാം  ഭാഗ്യമെന്നു വിളിക്കുന്നു. അത് കേവലമൊരു യാദൃച്ഛികത മാത്രം.  ഏതെങ്കിലുമൊരു നിയമത്തിന് വഴങ്ങുന്നില്ല. 

Tuesday, June 4, 2019

Grammar of TV Imperialism

                                  അധിനിവേശത്തിന്‍റെ വ്യാകരണം

               ടെലിവിഷന്‍ കാണല്‍ നമ്മുടെ ശീലമായി മാറുന്നതോടെ ബോധപൂര്‍വമായ അറിവുകൂടാതെ തന്നെ ടെലിവിഷനില്‍ നിന്നു ലഭിക്കുന്ന സംജ്ഞകളും സൂചനകളും നമ്മുടെ അവബോധത്തെ ശക്തമായി സ്വാധീനിക്കും. ടെലിവിഷനില്‍ കാണുന്നതൊക്കെ ശരിയാണെന്ന തോന്നല്‍ ശക്തമാകുന്നതോടെ ഇത് അധിനിവേശമായി മാറുന്നു. മാനസികമായി നമുക്ക് എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നമ്മുടെ അവബോധം മാറുന്നു. 
വേഷവും ഭക്ഷണവും മുതല്‍ സംസ്കാരത്തിന്‍റെ ചിഹ്നങ്ങളായ ഭാഷയും സാഹിത്യവും കലാരൂപങ്ങളുമൊക്കെ പരിവര്‍ത്തിതമാകുന്നത് ടെലിവിഷന്‍ വികിരണം ചെയ്യുന്ന സാംസ്കാരികോര്‍ജം കൊണ്ടു കൂടിയാണ്. പ്രായേണ അവഗണിക്കപ്പെട്ട വടക്ക് കിഴക്കന്‍ പ്രദേശങ്ങളെ ഭാരതത്തിന്‍റെ മുഖ്യഭൂമിയിലേക്ക് സങ്കോചമെന്യേ സ്വീകരിക്കാന്‍ സോണി ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ഇന്‍ഡ്യന്‍ ഐഡല്‍ (കിറശമി കറീഹ) എന്ന ടെലിവിഷന്‍ ഷോയ്ക്ക് കഴിഞ്ഞ കാര്യം നളിന്‍ മേത്ത എഡിറ്റ് ചെയ്ത ടെലിവിഷന്‍ ഇന്‍ ഇന്‍ഡ്യ എന്ന ഗ്രന്ഥത്തിന്‍റെ ആമുഖപ്രബന്ധത്തില്‍ വിവരിക്കുന്നുണ്ട്. പ്രസ്തുത റിയാലിറ്റി ഷോയുടെ മൂന്നാമത്തെ വര്‍ഷം ഡാര്‍ജിലിംഗില്‍ നിന്നുള്ള ഗൂര്‍ഖയായ പ്രശാന്ത് തമംഗും മേഘാലയയില്‍ നിന്നുള്ള അമിത് പോളും ഫൈനലിലെത്തിയത് ചെറിയ കാര്യമല്ല. 

ഇതൊക്കെ പുതിയ ടെലിവിഷന്‍ സാംസ്കാരത്തിന്‍റെ അടയാളപ്പെടുത്തലുകളാണ്. ടെലിവിഷനിലെ പരമ്പരകളുടേതു മാത്രമായി പരിമിതപ്പെടുത്തേണ്ട രേഖകളല്ല ഇത്. നമുക്കറിയാം, എല്ലാക്കാലത്തും സിനിമയ്ക്കും സിനിമയോടു ബന്ധപ്പെട്ട പ്രോഗ്രാമുകള്‍ക്കും - പുതിയ ചിത്രങ്ങളുടെ ടീസറുകള്‍, ട്രെയ്ലറുകള്‍, പ്രൊമോഷനുകള്‍, ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള അഭിമുഖങ്ങള്‍, വാര്‍ത്തകള്‍, അവാര്‍ഡ് നിശകള്‍ മുതലായവ - പ്രേക്ഷ്രകരുടെ മനസില്‍ പ്രത്യേക സ്ഥാനമുണ്ട്. 

Saturday, June 1, 2019

Super Prime Time

                                                         
സൂപ്പര്‍ പ്രൈം ടൈമിലേക്ക്

                 ഏറ്റവും കൗതുകമുള്ള കാര്യം, ഇന്നിപ്പോള്‍ നമ്മുടെ അത്താഴമുള്‍പ്പടെയുള്ള അതിജീവനകാര്യങ്ങളെല്ലാം ടെലിവിഷനിലെ പ്രോഗ്രാ മുകളെ ആശ്രയിച്ചാവുന്നു. പറ്റുമെങ്കില്‍ പ്രോഗ്രാമുകളുടെ ഇടയിലുള്ള ബ്രേക് ടൈം സാധാരണ ദൈനംദിനകാര്യങ്ങള്‍ക്കുപയോഗിക്കാന്‍ പരിശ്രമിക്കുന്നു നാം. 'ദേ, കറുത്ത മുത്തു തുടങ്ങുന്നതിനു മുമ്പ് വല്ലതും കഴിച്ചോണം', 'സിനിമ തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ വല്ല തും വേണമെന്നു പറഞ്ഞ് വന്നേക്കല്ലേ പിള്ളേരെ', 'ഇന്ന് അവാര്‍ഡ് നൈറ്റുള്ളതാ. അതു തൊടങ്ങിയാല്‍പ്പിന്നെ എന്നെ ശല്യപ്പെടുത്തിയേക്കല്ലേ' എന്നീ മട്ടിലുള്ള സമയക്രമീകരണങ്ങള്‍ ദൈനംദിനവൃത്തികള്‍ക്ക് കല്‍പിക്കുകയും ചെയ്യുന്നു. അതായത് നമ്മുടെ ജീവിതത്തിലെ പ്രൈം ടൈം എന്നാല്‍ ടെലിവിഷനു മുന്നില്‍ സ്വൈരമായി ഇരിക്കാന്‍ കിട്ടുന്ന സമയം എന്നായി നിര്‍വചനം. പ്രൈം ടൈമില്‍ എല്ലാ തിരക്കുകളെയും നാം മാറ്റി വയ്ക്കുന്നു. ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കാണുന്നതിനോട് ഭ്രാന്തമായ ഒരുതരം ആസക്തിയുണ്ടായി ക്കഴിഞ്ഞാല്‍ ഈ പ്രൈ ടൈം, സൂപ്പര്‍ പ്രൈം ടൈം ആവുകയായി. വന്ന് വന്ന്, പ്രൈം ടൈം നാം പ്രേക്ഷകര്‍ക്കു മാത്രമായുള്ള പ്രൈവറ്റ് ടൈമാണിപ്പോള്‍.