വിജയമെന്ന ശലഭം ഒരു സന്ധ്യക്ക് ഒരു ബാലന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവമേ, എനിക്ക് നിന്‍റെ ശബ്ദം കേള്‍ക്കാന്‍ കഴിയണേ? കാട്ടരുവിയുടെ അരികില്‍ നില്‍ക്കുന്ന വണ്ടു തുളച്ച മുളന്തണ്ടുകളിലൂടെ ഇറങ്ങിക്കയറിയ കാറ്റ് ഊതിയ ചൂളം വിളി പക്ഷേ അവന്‍ കേട്ടില്ല. അല്‍പനേരം കാത്തിരുന്നിട്ടും ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കാതായപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഞാന്‍ പറഞ്ഞത് കേട്ടില്ലേ ദൈവമേ, എന്നെ നിന്‍റെ ശബ്ദം കേള്‍പ്പിക്കൂ. പെട്ടെന്ന് മലമുകളിലെവിടെയോ ഇടിവെട്ടി. അതിന്‍റെ നടുക്കുന്ന ശബ്ദം താഴ്വാരത്തില്‍ തെല്ലുനേരം മുഴങ്ങുന്ന അനുരണനമായി അലിഞ്ഞ് ഇല്ലാതായി. പക്ഷേ അതും അവന്‍ കേട്ടില്ല. അവന്‍ മറ്റെന്തോ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നു അപ്പോള്‍. അല്‍പം കഴിഞ്ഞ് അവന്‍ പ്രാര്‍ത്ഥിച്ചു. ദൈവമേ എനിക്ക് നിന്നെ കാണാന്‍ കഴിയണേ! ആകാശച്ചരുവില്‍ പൊടുന്നനെ ഒരു നക്ഷത്രം തെളിഞ്ഞു. പക്ഷേ മറ്റെവിടയോ മിഴിനട്ടു നില്‍ക്കുകയായിരുന്നതുകൊണ്ട് അവന്‍ അതു കണ്ടില്ല. അവന്‍ ദേഷ...